Saturday, January 9, 2010

ഹിന്ദുത്വയുടെ ഉദയാസ്തമയങ്ങള്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപിയെ വേട്ടയാടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധി അതിന്റെ സംഘടനാ തലത്തിലേക്കു കൂടി വ്യാപിക്കുമ്പോള്‍ ഒരു തിരിച്ചു വരവ് ഹിന്ദുത്വ പാര്‍ടിക്ക് സാധ്യമാണോ?
"സ്വന്തമായ രാഷ്ട്രീയമുള്ള ഒരു സ്വതന്ത്ര പാര്‍ടിയായിരിക്കാം ബിജെപി. പക്ഷേ അതിന്റെ നേതാക്കളില്‍ പലരും ഞങ്ങളുടെ സ്വയം സേവകരാണ്; ഞങ്ങളുടെ ആളുകളാണ്." ബിജെപിയുടെ മൂന്നു ദിന 'ചിന്തന്‍ ബൈഠക്' ഷിംലയില്‍ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ഒരു റ്റെലിവിഷന്‍ മുഖാമുഖത്തില്‍ പറഞ്ഞതാണിത്. പ്രത്യയശാസ്ത്ര വ്യതിയാനം സംഘപരിവാരത്തില്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പാകിസ്ഥാന്റെ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയെ കുറിച്ച് കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ ജസ്വന്ത് സിംഗ് എഴുതിയ പുസ്തകം (Jinnah -- India, Partition, Independence)‍ വന്‍ വിവാദമായി കത്തി നില്‍ക്കെ വന്ന സംഘ പരിവാര തലവന്റെ പ്രസ്താവനയുടെ അര്‍ത്ഥമെന്തെന്ന് മനസിലാക്കാന്‍ രാഷ്ട്രീയ ചിന്തകരുടെ ആവശ്യമൊന്നുമില്ല. ആര്‍എസ്എസിനും മറ്റു പരിവാര്‍ സംഘടനകള്‍ക്കും ജിന്ന ഇന്ത്യാ വിഭജനത്തിന്റെ പ്രധാന കാരണക്കാരനും കറ കളഞ്ഞ മുസ്ലിം മൗലികവാദിയുമാണ്. ആ വിശ്വാസത്തിന് വിരുദ്ധമായ ഒരു നിലപാട് ആരെങ്കിലുമെടുത്താല്‍, അവര്‍ പടിക്കു പുറത്ത്.

സംഘപരിവാര ശരീരത്തില്‍ ആര്‍എസ്എസാണ് തല. തല പറയുന്നത് മറ്റു അവയവങ്ങള്‍ക്ക് അനുസരിക്കുകയേ നിവര്‍ത്തിയുള്ളൂ. മോഹന്‍ ഭഗവത് റ്റെലിവിഷനിലൂടെ പറഞ്ഞു, രാജ് നാഥ് സിംഗും കൂട്ടരും ചിന്തന്‍ ബൈഠക്കില്‍ അതു പോലെ തന്നെ ചെയ്തു. ജിന്നയെ അനാവശ്യമായി വില്ലനാക്കുകയായിരുന്നുവെന്നും, ജവഹര്‍ ലാല്‍ നെഹ്രുവിന്റേയും മറ്റു കോണ്‍ഗ്രസ് നേതാക്കളുടേയും കേന്ദ്രീകൃത നയങ്ങളാണ് ഇന്ത്യാ വിഭജനത്തിലേക്കു നയിച്ചതെന്നുമാണ് ജസ്വന്ത് എഴുതിയത്. സംഘപരിവാര്‍ വീരനായകനായി കൊണ്ടു നടക്കുന്ന സര്‍ദാര്‍ പട്ടേലിനെ വിമര്‍ശിക്കുക എന്ന പാതകവും ജസ്വന്ത് ചെയ്തു. മുസ്ലിം വിരുദ്ധതയും പാകിസ്താന്‍ വെറുപ്പും രക്തത്തില്‍ കൊണ്ടു നടക്കുന്ന ഹിന്ദു തീവ്രവാദികള്‍ക്ക് ജസ്വന്തിന്റെ വീക്ഷണങ്ങള്‍ തങ്ങളുടെ 'അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നുള്ള വ്യതിയാനം' തന്നെയായിരുന്നു. ഫലമോ, ജസ്വന്ത് പാര്‍ടിക്കു പുറത്ത്.

സവര്‍ക്കര്‍ രേഖ

ബിജെപിയുടെ ചരിത്രമറിയാവുന്ന ആരും ഈ നടപടിയില്‍ അത്ഭുതം പ്രകടിപ്പിച്ചു കാണില്ല. ആര്‍എസ്എസിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ തന്നെയാണ് ബിജെപിയുടേയും മറ്റെല്ലാ പരിവാര്‍ സംഘടനകളുടേയും പ്രത്യയശാസ്ത്രം - ഒറ്റവാക്കില്‍ ഹിന്ദുത്വയെന്നു പറയാം. എന്തു സമ്മര്‍ദങ്ങളുടെ പേരിലായാലും അതില്‍ നിന്നുള്ള വ്യതിയാനം എളുപ്പം അംഗീകരിച്ചു കൊടുക്കാന്‍ ആര്‍എസ്എസിനാവില്ല. അങ്ങിനെ അംഗീകരിച്ചാല്‍ പിന്നെ ആര്‍എസ്എസ് ഹിന്ദു മൗലികവാദ സംഘടനയാവുന്നതെങ്ങിനെ? ആര്‍എസ്എസ് വരച്ച സവര്‍ക്കര്‍ രേഖയ്ക്കപ്പുറത്തേക്ക് വല്ലപ്പോഴുമെങ്കിലും എത്തി നോക്കിയിട്ടുള്ളത് വാജ്പായി മാത്രം. മറ്റെല്ലാവര്‍ക്കും, അദ്വാനിക്കുള്‍പ്പെടെ, സംഘ തലവന്മാര്‍ പറയുന്നത് വേദവാക്യം. പ്രത്യയശാസ്ത്രത്തിനാണോ അതോ പ്രായോഗിക രാഷ്ട്രീയത്തിനാണോ പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന ചോദ്യം മുമ്പുയര്‍ന്നു വന്നപ്പോഴെല്ലാം, ആര്‍എസ്എസും ബിജെപിയും ആദ്യത്തേത് അടിവരയിട്ടുറപ്പിക്കുകയാണ് ചെയ്തത്.

ജനതാ പാര്‍ടി അധികാരത്തിലിരുന്ന കാലത്ത് (1977-79), വാജ്പായിയും അദ്വാനിയുമുള്‍പ്പെടെ പല കേന്ദ്ര മന്ത്രിമാരുടേയും ആര്‍എസ്എസ് അംഗത്വം വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നുവെന്നോര്‍ക്കുക. ജനസംഘം വിട്ട്, ജനതാ പാര്‍ടിയില്‍ ഒന്നടങ്കം ലയിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ടും അവരിലാരും ആര്‍എസ്എസ് അംഗത്വം ഉപേക്ഷിച്ചിരുന്നില്ല. ഒടുവില്‍, ഒന്നുകില്‍ ആര്‍എസ്എസ് വിടുക അല്ലെങ്കില്‍ ജനതാ പാര്‍ടി വിടുക എന്ന തീരുമാനമുണ്ടായപ്പോള്‍, ഹിന്ദുത്വയോടുള്ള പ്രതിബദ്ധത നില നിര്‍ത്തികൊണ്ട് സര്‍ക്കാരില്‍ നിന്ന് ഒഴിഞ്ഞു പോരാനാണ് അന്നത്തെ ജനസംഘ വിഭാഗം തീരുമാനിച്ചത്. ഈ തീവ്രവാദ വിഭാഗമാണ് പിന്നീട് ബിജെപിയായി പരിണമിക്കുക്കയും ബാബ്റി മസ്ജിദ് വിരുദ്ധ പ്രക്ഷോപത്തിലൂടെ രാജ്യത്തെ വര്‍ഗീയ ശവപ്പറമ്പാക്കി മാറ്റുകയും ചെയ്തത്. ഈ പ്രക്ഷോപങ്ങളുടെ കാലത്തെല്ലാം ബിജെപിയുടെ പ്രകാശ ഗോപുരം ആര്‍എസ്എസും തത്വ സംഹിത ഹിന്ദുത്വയുമായിരുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഭാഗമായി ഗാന്ധിയന്‍ സോഷ്യലിസം മുതല്‍ നവലിബറല്‍ മുതലാളിത്തം വരെ ഒരു പാട് അജന്‍ഡകള്‍ ബിജെപി കടമെടുത്തിട്ടുണ്ടെങ്കിലും, ഹിന്ദുത്വയോടുള്ള അതിന്റെ അടിമത്തം ഉലയാതെ നിലനിന്നു.

ഗുജറാത്ത് വംശഹത്യയുടെ കാലത്ത് ഇത് കൂടുതല്‍ വ്യക്തമാവുകയുണ്ടായി. 2002 ഫെബ്രുവരി 27ലെ ഗോധ്രാ തീവണ്ടിയാക്രമണത്തിനു ശേഷം രാജ്യത്ത് നടമാടിയ മുസ്ലിം വേട്ടയാടലില്‍ കൊല്ലപ്പെട്ടത് മാധ്യമങ്ങളുടെ കണക്കനുസരിച്ച് രണ്ടായിരത്തിലധികം ആളുകള്‍ (കമ്യൂണലിസം കോമ്പാറ്റ് പത്രാധിപര്‍ റ്റീസ്റ്റ സെറ്റല്‍വാദ് പറയുന്നത് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിന്റെ ഇരട്ടി വരുമെന്നാണ്). സംസ്ഥാനം ഭരിക്കുന്ന സ്വയംസേവകന്‍ നരേന്ദ്ര മോഡിയുടെ ആശിസുകളോടെയാണ് മുസ്ലിങ്ങളെ വേട്ടയാടിയതെന്ന് രാജ്യത്തെ സംഘപരിവാരിതര മാധ്യമങ്ങളെല്ലാം നിറച്ചെഴുതിയിട്ടും ബിജെപിക്കും ആര്‍എസ്എസിനും മോഡി വീരനായകന്‍ ‍. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് കരഞ്ഞ പ്രധാനമന്ത്രി വാജ്പായി മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും, അദ്വാനിയും ആര്‍എസ്എസും പ്രധാന മന്ത്രിയുടെ നിര്‍ദേശം പാടെ അവഗണിച്ചുവെന്നതും പിന്നാമ്പുറ കഥ. മുസ്ലിങ്ങളെ വേട്ടയാടുന്ന ഒരു മുഖ്യമന്ത്രിയെ കൈവെടിയാന്‍ ഹിന്ദുത്വ അടിസ്ഥാന സംഹിതയായി കൊണ്ടു നടക്കുന്ന ആര്‍എസിഎസിനാവില്ല. അതു കൊണ്ടാണ്, മറ്റേതെങ്കിലും ജനാധിപത്യ മതേതര രാജ്യത്താണെങ്കില്‍ ഇതിനകം ഇരുമ്പഴിക്കുള്ളിലടയ്ക്കപ്പെടുമായിരുന്ന മോഡി ഇവിടെയിപ്പോഴും, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ദേശീയ പാര്‍ടിയുടെ നേതാവുമായി വിലസുന്നത്.

വാജ്പായിയുടെ മൃദുമതേതര മുഖംമൂടിയണിയാന്‍ വെപ്രാളപ്പെട്ട് 2005ല്‍ പാകിസ്ഥാനില്‍ ചെന്ന് ജിന്ന മതേതര വാദിയാണെന്ന് പ്രസംഗിച്ച അദ്വാനിയെ പോലും സംഘ നേതൃത്വം വെറുതെ വിട്ടില്ല. അദ്വാനിയുടെ പ്രസംഗവും പരിവാരത്തിന്റ് അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്നുള്ള വ്യതിയാനമായി വ്യാഖ്യാനിക്കപ്പെട്ടു. ആര്‍എസ്എസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്വാനിക്ക് ബിജെപി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. ഈ പ്രത്യയ ശാസ്ത്ര പിടിവാശി വരുണ്‍ ഗാന്ധി വിവാദത്തിലും കാണാവുന്നതാണ്. കഴിഞ്ഞ ലോക്സഭാ തരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍, സ്വന്തം കൈ കൊണ്ട് മുസ്ലിങ്ങളുടെ കഴുത്തരിഞ്ഞു വീഴ്ത്തുമെന്ന് പ്രസംഗിച്ച വരുണ്‍ ഗാന്ധി ബിജെപിക്ക് വില്ലനല്ല, മറിച്ച് നായകനാണ്. മത തീവ്രവാദം പച്ചയ്ക്കു പ്രസംഗിച്ചു നടന്ന ഈ മൗലികവാദിയെ ആദ്യന്തം സംരക്ഷിക്കുകയാണ് അദ്വാനി മുതല്‍ നമുക്കു ചുറ്റും കാണുന്ന ആര്‍എസ്എസുകാര്‍ വരെ ചെയ്തതെന്നോര്‍ക്കുക. കാരണം, വരുണ്‍ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ ഒരു അടിസ്ഥാന വിശ്വാസത്തിനും എതിരായിരുന്നില്ല എന്നതു തന്നെ.

ഇനിയെന്ത്?

എന്നാല്‍, തൊണ്ണൂറുകളിലെ പാര്‍ടിയല്ല ഇന്നത്തെ ബിജെപി. ബാബ്റി മസ്ജിദ് വിഷയത്തിലൂടെ ഇന്ത്യയിലെ ചെറിയൊരു ശതമാനം ഹിന്ദുക്കളെ വര്‍ഗീയവത്കരിക്കാന്‍ കഴിഞ്ഞ ബിജെപി തൊണ്ണൂറുകളില്‍ ഒരു വന്‍ രാഷ്ട്രീയ ശക്തിയായി വളര്‍ന്നെങ്കില്‍, ഇന്നത് പരാജയത്തിന്റെ നടുക്കയത്തിലാണ്. ഒരു വശത്ത് ഹിന്ദുത്വയോടുള്ള അടിമത്തവും, ആര്‍എസ്എസിന്റെ കല്പനകള്‍. മറുവശത്ത് പ്രായോഗിക രാഷ്ട്രീയത്തിന്റെ സമ്മര്‍ദങ്ങള്‍. ഒരു പാര്‍ടിയുടെ രാഷ്ട്രീയം ജനങ്ങള്‍ തുടര്‍ച്ചയായി നിരാകരിക്കുകയാണെങ്കില്‍, അങ്ങിനെ നിരാകരിക്കപ്പെടുന്ന നിലപാടുകള്‍ മാറ്റി ജനങ്ങളിലേക്കിറങ്ങി ചെല്ലുകയാണ് ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനം ചെയ്യേണ്ടത്. എന്നാല്‍, ആര്‍എസ്എസില്‍ നിന്നു വിഭിന്നമായ ഒരു അസ്തിത്വമില്ലാത്ത ബിജെപിക്ക് സംഘപരിവാറിന്റെ രാഷ്ട്രീയം നിരാകരിക്കാനാവില്ല. എത്ര തെരഞ്ഞെടുപ്പു പരാജയങ്ങളുണ്ടായാലും ബിജെപിക്ക് അതിന്റെ വര്‍ഗീയ അജന്‍ഡ മാറ്റി വയ്ക്കാനാവില്ല. അതാണ് ഇന്ന് ഈ പാര്‍ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. സ്വന്തം അജന്‍ഡ ജനങ്ങള്‍ തള്ളിക്കളയുന്നു. എന്നാല്‍, മാറുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം പരിഷ്കരിക്കാന്‍ സഘടനയുടെ ഫാഷിസ്റ്റ് സ്വഭാവം അനുവദിക്കുന്നുമില്ല. അങ്ങിനെയൊരു സാഹചര്യത്തില്‍ പാര്‍ടിയില്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിക്കുക സ്വാഭാവികം. അതൊക്കെ തന്നെയാണ് ഇപ്പോള്‍ ബിജെപിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും.ജസ്വന്ത് സിംഗിനെ പുറത്താക്കിയതിനു പിന്നാലെ, ബിജെപിയുടെ ലിബറല്‍ മുഖങ്ങളിലൊന്നായ സുധീന്ദ്ര കുര്‍ക്കര്‍ണി "പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ' പേരില്‍ പാര്‍ടി അംഗത്വം രാജി വച്ചു. കിഴവന്‍ പടക്കുതിരയായ അദ്വാനിയോടുള്ള വിയോജിപ്പ് മോഹന്‍ ഭഗവത് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാനുള്ള ബിജെപി കോര്‍ കമ്മിറ്റിയുടെ തീരുമാനത്തെ രാജസ്ഥാനിലെ ഭൂരിപക്ഷം എംഎല്‍എമാരും തെരുവില്‍ വെല്ലു വിളിക്കുന്നു. ഇതിനെല്ലാം പുറമേ, രണ്ടാം നിര നേതാക്കന്മാര്‍ തമ്മിലുള്ള ഉള്‍പോര് അങ്ങാടി പാട്ടും. (
ഈ കുറിപ്പെഴുമ്പോള്‍, ബിജെപി നേത്രുത്വത്തിനെതിരെ മറ്റൊറു മുന്‍ കേന്ദ്രമന്ത്രിയും സംഘത്തിന്റെ ബുദ്ധിജീവികളിലൊരാളുമായ അരുണ്‍ ഷൂരി അഴിച്ചു വിട്ട വിമര്‍ശനങ്ങളുടെ പേരിലുള്ള വിവാദം തകര്‍ക്കുകയാണ്.) കഴുത്തില്‍ ആര്‍എസ്എസിന്റെ ചങ്ങലയും, തലയില്‍ ഹിന്ദുത്വ എന്ന എടുക്കാചരക്കുമായി ബിജെപി ഇനിയുമെത്ര ഇങ്ങിനെ കാലം മുടന്തി നീങ്ങും?


1980 ഡിസംബറില്‍ ബിജെപിയുടെ ഉദയം കുറിച്ച സമ്മേളനത്തില്‍ പ്രസംഗിക്കവേ പാര്‍ടിയുടെ പ്രഥമ പ്രസിഡന്റ് വാജ്പായി പറഞ്ഞത് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ബിജെപി 'വേറിട്ടൊരു പാര്‍ടി'യായി പ്രവര്‍ത്തിക്കുമെന്നാണ്. "രാജ്യം ഇന്നൊരു ധാര്‍മിക പ്രതിസന്ധി നേരിടുകയാണ്. ധാര്‍മിക മൂല്യങ്ങളെല്ലാം കൈവെടിഞ്ഞ് നമ്മുടെ നേതാക്കളെല്ലാം വെറും അധികാര കൊതിയന്മാരായി അധപതിക്കുക്കയും, രാഷ്ട്രീയം വെറും അധികാര കളിയായി മാറുകയും ചെയ്തിരിക്കുന്നു," വാജ്പായി പറഞ്ഞു. ഇന്ന്, ബിജെപി അതിന്റെ നാലാം പതിറ്റാണ്ടിലേക്ക് കടക്കാന്‍ തയ്യാറെടുക്കുമ്പോള്‍, എന്താണ് വാജ്പായിയുടെ പാര്‍ടിയുടെ മൂല്യബോധം എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. ഗാന്ധിയന്‍ സോഷ്യലിസത്തിന്റെ മുഖം മൂടിയുമായി വന്ന ബിജെപിയുടെ കൈകളില്‍ ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയൊരു കൂട്ടക്കുരുതിയുടെ രക്തക്കറയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആരാധനാലയം വെറും വര്‍ഗീയ ലാഭങ്ങള്‍ക്കു വേണ്ടി പൊളിച്ചെറിഞ്ഞ ചരിത്രമുണ്ട്. ആ ചരിത്രം ഭാരതീയ ജനതാ പാര്‍ടിയെ വേട്ടയാടുക തന്നെ ചെയ്യും.

അനാശാസ്യ (മാധ്യമ)പ്രവര്‍ത്തനം

മലയാളി മനസിനെ മാധ്യമങ്ങള്‍ രോഗാതുരമാക്കുന്നുവെന്ന് യാമിനി ഉണ്ണികൃഷ്ണന്‍


ഇന്ത്യയില്‍ ആദ്യവും അവസാനവുമായി ഒരു ബസ്‌ കത്തിച്ച സംഭവമുണ്ടായത്‌ കളമശേരിയിലാണോ? അതെയെന്ന്‌ തോന്നിപ്പോവും മലയാളത്തിലെ ചാനലുകള്‍ കാണുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്‌താല്‍. കേസിലെ പത്താംപ്രതി സൂഫിയ മദനിയെ വിടാതെ വേട്ടയാടുന്ന മാധ്യമങ്ങളുടെ അജന്‍ഡയെന്താണ്? നമ്മുടെ പൊതുബോധത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്‌ത്രീവിരുദ്ധതയുടെയും മുസ്ലീം വിരുദ്ധതയുടെയും ലാവാപ്രവാഹമാണ്‌ ഈ വാര്‍ത്തകളില്‍ കാണാനാവുന്നത്‌. മുഖ്യധാരാമാധ്യമങ്ങളുടെ മുന്‍വിധിയുടെയും സമ്മതിനിര്‍മിതിക്കായുള്ള (consent manufacturing) ത്വരയുടെയും ഇരയായി സൂഫിയാ മദനി ഇപ്പോള്‍ മാറിയിരിക്കുന്നു.

സൂഫിയ മദനിയെ ന്യായീകരിക്കാനോ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനോ അല്ല മുതിരുന്നത്‌. കേസന്വേഷണത്തിനും വിചാരണക്കും ഒടുവില്‍ ഏതെങ്കിലും കാലം സൂഫിയ മദനി കുറ്റക്കാരിയല്ലെന്ന്‌ 'ബഹുമാനപ്പെട്ട' ജുഡീഷ്യറി വിധിക്കുകയാണെന്നിരിക്കട്ടെ. ആ സ്‌ത്രീക്ക്‌ ഈ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത 'തീവ്രവാദിനി' പട്ടം തിരിച്ചെടുക്കാന്‍ കഴിയുമോ. അന്നന്നത്തെ അഷ്ടിക്കുള്ള വഹ തേടുമ്പോള്‍ കിട്ടുന്ന എന്തും ആഘോഷമാക്കുന്ന ചാനല്‍ ലേഖകരുടെയും ചാനല്‍ സായാഹ്‌നങ്ങളിലെ ന്യൂസ്‌ അവറിനും കൗണ്ടര്‍പോയിന്റിനും മറ്റും പ്രതിഫലമില്ലാതെ പാഞ്ഞെത്തുന്ന `ചര്‍ച്ചാംദേഹി'കളുടെയും കയ്യില്‍പുരണ്ട ചോരയുടെ മണം ഏതു സുഗന്ധദ്രവ്യം കൊണ്ടാണ്‌ മായ്‌ക്കാന്‍ കഴിയുക. കേസിന്റെ നടപടികള്‍ തുടങ്ങും മുമ്പുതന്നെ വിധി പറയാന്‍ ഇവിടുത്തെ മാധ്യമ ന്യായാധിപന്മാര്‍ക്ക്‌ ആരും ഒരവകാശവും കല്‍പ്പിച്ചു നല്‍കിയിട്ടില്ല. അവരുടെ ജീനുകളില്‍ നൂറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ ന്യൂനപക്ഷ-സ്‌ത്രീ വിരോധത്തിന്റെ ഇളകിയാടലുകളാണ്‌ ഇപ്പോള്‍ കേരളത്തിലെ സാമൂഹ്യജീവിതത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നത്‌.
എല്ലാ മുസ്ലീമും തീവ്രവാദി ആണെന്ന (എല്ലാ തമിഴനും മോഷ്ടാവുമാണെന്നും ചേര്‍ത്തുവായിക്കുക) മുന്‍വിധി മലയാളികളുടെ പൊതുബോധത്തെ ഗ്രസിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍.

രോഗാതുരമായ മലയാളി മനസ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന മദനിയെ കോടതി വെറുതെ വിടുകയും തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ അദ്ദേഹം പരസ്യമായി തള്ളിപ്പറയുകയും ചെയ്‌തിട്ടും അദ്ദേഹത്തെ വീണ്ടും തീവ്രവാദിയായി മുദ്രകുത്തുന്ന രോഗാതുരമായ മനസാണ്‌ കേരളത്തില്‍ രൂപപ്പെട്ടുവരുന്നത്‌. തന്റെ കാല്‍ തകര്‍ത്ത ആര്‍എസ്‌എസുകാരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ വേണ്ടിയുള്ള നിലപാട്‌ സ്വീകരിച്ചയാളാണ്‌ മദനിയെന്നും ഓര്‍ക്കുക. മുംബൈ കലാപങ്ങളുടെ പേരില്‍ ശ്രീകൃഷ്‌ണാ കമ്മിഷന്‍ കുറ്റപ്പെടുത്തിയ ബാല്‍ താക്കറെയും ബാബ്‌രി മസ്‌ജിദ്‌ തകര്‍ത്തതിന്‌ ലിബര്‍ഹാന്‍ കമ്മിഷന്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ അദ്വാനി, വാജ്പായി, മുര്‍ളി മനോഹര്‍ ജോഷി തുടങ്ങിയവരും ഞെളിഞ്ഞു നടക്കുന്ന രാജ്യത്തു തന്നെയാണ്‌ കോടതി കുറ്റവിമുക്തനാക്കിയ മദനി വേട്ടയാടപ്പെടുന്നത്‌. താക്കറെക്കും അദ്വാനിക്കും വാജ്പായിക്കും ജോഷിക്കും നമ്മുടെ മാധ്യമങ്ങള്‍ അനുവദിക്കുന്ന സഹിഷ്‌ണുതയുടെ ഒരു തരിമ്പെങ്കിലും മദനിക്കും അവകാശപ്പെട്ടതല്ലേ.

മദനിക്കു പിന്നാലെ സൂഫിയ മദനിയും. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കമന്ററിയുടെ പശ്‌ചാത്തലത്തില്‍ സൂഫിയയുടെ ദൃശ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ പര്‍ദയെ പെണ്‍ഫിദായീനുകളുടെ യൂണിഫോമാക്കി മാറ്റുന്ന ഒരു ബോധനിര്‍മിതിയിലേക്ക്‌ നമ്മുടെ ചാനലുകള്‍ വളര്‍ത്തിക്കഴിഞ്ഞു. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കാനും ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ആയുധവുമായി പോകുന്ന ഗണവേഷധാരികളുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊടുക്കുന്ന സ്‌ത്രീകള്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളായി ചിത്രീകരിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. മുംബൈയിലെ തീവ്രവാദ ആക്രമണത്തിനിടെ ഹേമന്ത്‌ കര്‍ക്കറെ എന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന ഭാര്യ കവിത കര്‍ക്കറെയുടെ പരാതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ അവഗണിച്ചത്‌ അവരുടെ അബോധത്തിലെ ന്യൂനപക്ഷ വിരുദ്ധതയും മൃദുഹിന്ദുത്വവും കൊണ്ടാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ വിവരമൊന്നും വേണ്ട.


അടിയന്‍ ലച്ചിപ്പോം
മദനിക്കും ഭാര്യക്കുമെതിരെയുള്ള മാധ്യമങ്ങളുടെ കുറ്റവിചാരണക്കും പരിഹാസങ്ങള്‍ക്കും തൊട്ടുമുമ്പായിരുന്നു ലൗജിഹാദിന്റെ പേരിലുള്ള ഇളകിയാട്ടങ്ങള്‍. സംഘപരിവാര്‍ അനുകൂലികളുടെ വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ നമുക്കു മുമ്പില്‍ വിളമ്പിയവരാണ്‌ മുഖ്യധാരാ മാധ്യമങ്ങള്‍. ലൗജിഹാദിന്റെ കഥകള്‍ മെനയുന്നതില്‍ കണ്ട ആവേശമൊന്നും പിന്നീട്‌ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ലൗജിഹാദ്‌ ഒരു മിഥ്യയാണെന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ കണ്ടില്ല.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അനാശാസ്യപ്രവര്‍ത്തനം മഞ്ചേരിക്കാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ അത്‌ മറച്ചുവയ്‌ക്കാന്‍ ഏഷ്യാനെറ്റ്‌ ന്യൂസും ഇന്ത്യാവിഷനും മനോരമ വിഷനും മാതൃഭൂമിയും മലയാള മനോരമയും കാട്ടിയ ഉത്‌സാഹം സമീപകാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നായിരുന്നു. ചാനലുകളുടെ ഓമനയാണ്‌ ഉണ്ണിത്താന്‍. എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ ഉണ്ണിത്താന്‍ കോണ്‍ഗ്രസുകാര്‍ അടങ്ങുന്ന വേദിയില്‍ സൂഫിയ മദനിയെയും പിണറായി വിജയനെയും ചേര്‍ത്ത്‌ നടത്തിയ പരാമര്‍ശങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടിയവരാണ്‌ ഇന്ത്യാവിഷന്‍. ഇത്‌ സംപ്രേഷണം ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകമാണ്‌ ഉണ്ണിത്താന്‍ പിടിക്കപ്പെട്ടത്‌. എന്നാല്‍ ഡിസംബര്‍ 21ന്‌ ഉച്ചവരെ ഈ വാര്‍ത്ത മറച്ചു വയ്‌ക്കാന്‍ എന്തിനാണിവര്‍ തിടുക്കം കാട്ടിയത്‌. കുറ്റാരോപിതയായ ഒരു സ്‌ത്രീയെ വാക്കുകള്‍ കൊണ്ട്‌ പരസ്യമായി ആക്ഷേപിച്ച മനുഷ്യന്‍ തന്നെ മണിക്കൂറുകള്‍ക്കകം അനാശാസ്യപ്രവര്‍ത്തനത്തിന്‌ പിടിക്കപ്പെട്ടതില്‍ വാര്‍ത്തയില്ലെന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെ എഞ്ചുവടി പഠിക്കാത്തവര്‍ പോലും പറയില്ല. എന്നിട്ടും ഏത്‌ സദാചാരമൂല്യങ്ങളുടെ പേരിലാണ്‌ അടിയന്‍ ലച്ചിപ്പോം എന്ന മട്ടില്‍ നമ്മുടെ മാധ്യമങ്ങള്‍ ഉണ്ണിത്താനെ സംരക്ഷിച്ചത്‌.

അനുബന്ധം: ഡിസംബര്‍ 29ന്‌ വൈകുന്നേരം, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പിറ്റേന്ന്‌ കോടതിയില്‍ ഹാജരാവുമെന്ന വാര്‍ത്ത ചാനലുകള്‍ സ്‌ക്രോള്‍ബാറില്‍ നല്‍കിയത്‌ ഇങ്ങനെ: "പിണറായി നാളെ ഹൈക്കോടതിയില്‍ ഹാജരായേക്കും/ പിണറായി കൊച്ചിയില്‍ വിമാനമിറങ്ങി/ പിണറായി അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി."

ഉണ്ണിത്താന്റെ അനാശാസ്യം ചാനലുകള്‍ മുക്കിയതുമൂലം സ്‌ക്രോള്‍ ബാറില്‍ കാഴ്‌ചക്കാര്‍ക്ക്‌ നഷ്ടമായ ചില തുണ്ടുകള്‍ ഇങ്ങനെ: "ഉണ്ണിത്താന്‍ കയറിയ വീട്‌ നാട്ടുകാര്‍ വളഞ്ഞു/ ഉണ്ണിത്താന്റെ ഇടതു കവിളില്‍ പ്രഹരമേറ്റു/ഉണ്ണിത്താന്റെ മുണ്ടഴിഞ്ഞു/ഉണ്ണിത്താന്‍ നാട്ടുകാരെ അസഭ്യം പറഞ്ഞു/ഉണ്ണിത്താന്‍ പൊലീസ്‌ ജീപ്പില്‍ കയറി/ ഉണ്ണിത്താനും യുവതിക്കും ജാമ്യം."

ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ

നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്നാണ് മദനി-സൂഫിയ മദനി കേസുകള്‍ തെളിയിക്കുന്നതെന്ന്
എ റശീദുദ്ദീന്‍
സൂഫിയ മദനിയെ അറസ്റ്റ് ചെയ്ത നീക്കവും തുടര്‍സംഭവങ്ങളും നിയമത്തിന്റെ പതിവു നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സംസ്ഥാന ആഭ്യന്ത മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ പൊതുവേയും, ദക്ഷിണകേരളത്തില്‍ വിശേഷിച്ചും മുസ്ലിം വോട്ടു ബാങ്ക് കുറേക്കൂടി ഇടതുപക്ഷോന്മുഖമാവുകയും, സവര്‍ണ ഹിന്ദു വോട്ട് ബാങ്ക് ബിജെപിയുമായുള്ള പരീക്ഷണമവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് ചായാന്‍ തുടങ്ങുകയും ചെയ്യുന്ന കാലത്താണ് ഈ അറസ്റ്റും അനുബന്ധ നാടകങ്ങളും നടക്കുന്നത്. മദനി കുടുംബത്തിലെ രണ്ടാമത്തെ ഒരംഗം കൂടി നിയമവാഴ്ചയുടെ രാവണന്‍കോട്ടയില്‍കൂടെ വര്‍ഷങ്ങള്‍ നടന്ന് സത്യസന്ധത തെളിയിക്കേണ്ട ഈ ദുരവസ്ഥ ആഭ്യന്തര മന്ത്രി കൈ മലര്‍ത്തുന്നതു പോലെ തനിയെ ഉണ്ടാവുന്നതല്ല. മറിച്ച് ബോധപൂര്‍വം, സൃഷ്ടിക്കപ്പെടുന്നതാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ നെറികേട് മുതല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുര്‍നാടകങ്ങളും അതിലുപരി ദേശത്തിന്റെ നയങ്ങളെന്ന പേരില്‍ അടിച്ചേല്പ്പിക്കപ്പെടുന്ന പുത്തന്‍ശീലങ്ങളുമൊക്കെ ഇതിലുണ്ട്.

പഴുതുകളുള്ള നിയമവ്യവസ്ഥ
ബസ് കത്തിക്കല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന നിയമപീഠത്തിന്റെ കണ്ടെത്തലില്‍ നിന്നു തന്നെയാവട്ടെ ചര്‍ച്ചയുടെ തുടക്കം. പ്രഥമദൃഷ്ട്യാ പൊതുമുതല്‍ നശിപ്പിച്ച കുറ്റം. അത് കേവലമൊരു പ്രതിഷേധ സമരമാണെന്ന് ഇതേ കോടതിയില്‍ നേരത്തേ സമര്‍പ്പിക്കപ്പെട്ട സത്യവാങ് മൂലം നിലനില്‍ക്കവേ തെളിവുകളുടേയും, വിചാരണയുടേയും അടിസ്ഥാനത്തിലാണ് ഭീകരവാദ കേസായി മാറേണ്ടിയിരുന്നത്. കളമശേരി ബസ് കത്തിക്കല്‍ ഭീകരതയാണെന്ന് അഭിപ്രായപ്പെടാനാവുന്ന എന്ത് തെളിവാണ് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിയുടെ മുന്‍പാകെ ഉണ്ടായിരുന്നത്? ഈ കേസില്‍ സൂഫിയാ ഉള്‍പ്പെട്ടു എന്നു തന്നെ കരുതുക. യാത്രക്കാരെ പുറത്തിറക്കി ബസ് കത്തിക്കുന്നവര്‍ എന്തിനെയാണ് ഉന്നം വയ്ക്കുന്നതെന്ന് ആര്‍ക്കും അറിയാഞ്ഞിട്ടല്ല. പ്രതിഷേധത്തിന്റെ ലക്ഷ്യമോ മാര്‍ഗമോ അല്ല, പ്രതിഷേധിച്ചവരുടെ തരമാണ് ഇവിടെ ചര്‍ച്ചയാക്കപ്പെടുന്നത്. രാഷ്ട്ര സങ്കല്പ്പങ്ങളെ ആശയപരമായി പുഷ്ടിപ്പെടുത്താന്‍ കഴിയുമെങ്കിലേ ജഡ്ജിമാര്‍ പൊതുവായ നിരീക്ഷണങ്ങള്‍ നടത്തേണ്ട ആവശ്യമുള്ളൂ എന്നാണ് നിയമ പണ്ഡിതരുടെ മതം. ബസ് കത്തിക്കല്‍ ഭീകരതയാണെന്ന നിരീക്ഷണവും, അതിനെതിരായ പ്രതികരണം ദേശസ്നേഹമാണെന്ന പ്രചാരണവും ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ചര്‍ച്ചയ്ക്കെടുക്കേണ്ടത്. ഭീകരതയ്ക്കെതിരെ പൊതു ജനം പ്രതികരിക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം. ആ പരാമര്‍ശത്തിന്റെ നിയമപരമായ സാധുതയും വ്യാഖ്യാനവും വിശദമാക്കപ്പെടേണ്ടതുണ്ട്. ഭീകരര്‍ എന്ന് മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നവരുടെ കാര്യത്തില്‍ പൊതുജനം നിയമം കയ്യിലെടുക്കണമോ?

കേരള ഹൈക്കോടതിയില്‍ ലവ്ജിഹാദിനെ കുറിച്ച് ആദ്യം വിവാദമുണ്ടാക്കിയ ജസ്റ്റിസ് തന്നെയാണ് സൂഫിയാ മദനി കേസിലും വാദം കേട്ടത്. ലവ്ജിഹാദിനെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ മറുവശമെന്തായിരുന്നുവെന്ന് പിന്നീട് കണ്ടു. താടിവയ്ക്കല്‍ താലിബാന്‍ വത്കരണമാണെന്ന് സുപ്രീം കോടതിയിലെ വിശിഷ്ട ന്യായാധിപന്മാരിലൊരാള്‍ ഈയിടെ പറഞ്ഞത് ശ്രദ്ധിക്കുക. ഒരു വ്യക്തി തന്നിഷ്ടപ്രകാരം ശരീര ഭാഗങ്ങളില്‍ രോമം വളര്‍ത്തുന്നതിന് നിയമപരമായ എന്തെങ്കിലും വ്യാഖ്യാനം സാധ്യമായിരുന്നോ? ഗണേശപൂജക്കാലത്ത് ജലാശയങ്ങളില്‍ അരങ്ങേറുന്ന വിഗ്രഹനിമജ്ഞനത്തിനെതിരെ സാലിക് ചന്ദ് ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച വിധി മതപരമായ അവകാശങ്ങളെ കുറിച്ച് ഒരു തരം ശുദ്ധിപത്രമാണ് എന്ന് പറയേണ്ടി വരും. വ്യക്തികള്‍ക്ക് തന്നിഷ്ടപ്രകാരമുള്ള മതം ആചരിക്കാനുള്ള അവകാശമുണ്ടെന്നാണ് ഈ കേസില്‍ വിധിയുണ്ടായത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള പൊതുസമൂഹത്തിന്റെ അവകാശം പോലും വ്യക്തികള്‍ക്ക് മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള വിശാലമായ ഭരണഘടനാ താല്പര്യങ്ങള്‍ക്ക് അതീതമല്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടി കാട്ടുന്നതിന്റെ അന്തസത്ത. ഒരു മതസമൂഹത്തിന്റെ വിശ്വാസപരമായ ചിഹ്നത്തെ കുറിച്ച് ഒരേ കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പറഞ്ഞ അഭിപ്രായങ്ങളായി ഇവയെ കണക്കിലെടുക്കുക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ പോലും അഭിപ്രായവ്യത്യാസത്തിന് പഴുതുകളുള്ള നിയമമാണ് നമ്മുടേത് എന്നല്ലേ വരുന്നത്?

മദനി ഭീകരനായിരുന്നോ?
വര്‍ഗീയമെന്ന് തോന്നിപ്പിക്കുന്ന വിധം മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്ന കേസുകളില്‍ കുറേക്കൂടി യുക്തിപൂര്‍വകമായി ഇടപെടുന്നില്ലെങ്കില്‍ കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. മദനിയുടെ കാര്യത്തില്‍ നേരത്തെ സംഭവിച്ച കൊടും പിഴവിന്റെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ 'വരണ്ട' വഴിയിലൂടെ പോകാതിരിക്കലായിരുന്നൂ നീതിപീഠത്തിനു നല്ലത്. സൂഫിയ ഏതു വിദേശരാജ്യത്തേക്കു പോകുമെന്നാണ് പൊലീസ് ആരോപിക്കുന്നത്. പാക്കിസ്ഥാനിലേക്കോ? ബംഗ്ലാദേശിലേക്കോ? പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കാന്‍ പറഞ്ഞാല്‍ തീരുന്ന കേസാണ് പ്രൊസിക്യൂഷന്റെ അവഗണിക്കാനാവാത്ത എതിര്‍ വാദമായി മാറുന്നത്. മദനിക്ക് ജാമ്യം നിഷേധിച്ചതിന്റെ ന്യായങ്ങളും ഈ മട്ടിലുള്ള വര്‍ത്തമാനങ്ങളായിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ മദനി ഭീകരനായിരുന്നോ? ആയിരുന്നെങ്കില്‍ പിന്നീട് വിട്ടയയ്ക്കപ്പെടുകയും, ഈ കേസില്‍ പൊലീസിനെ അടച്ചാക്ഷേപിക്കും വിധം പില്‍ക്കാലത്ത് കോടതിവിധികളുണ്ടാവുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണ്? ഭീകരന്‍ എന്ന പദപ്രയോഗവും, ഭീകരത എന്ന ആശയവും നിയമപരമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തവയായി മാറുന്നുണ്ട്.

മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ മുന്‍പിലെത്തിയ അവസരങ്ങളിലൊന്നില്‍ ബഞ്ചിലുണ്ടായിരുന്ന ഒരു ജഡ്ജി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പൊതുബോധത്തിന്റെ മുന്‍വിധി പ്രകടമായിരുന്നു. "ഒരു ഭീകരന്റെ കാര്യത്തിലാണോ നിങ്ങള്‍ സര്‍വസാധാരണമായ രോഗങ്ങളെ കുറിച്ച ഈ പരാതിയുമായി എത്തിയിരിക്കുന്നത്?," എന്നായിരുന്നു ക്രിമിനല്‍ അഭിഭാഷകനായ സുശീല്‍ കുമാറിനോട് കോടതി ചോദിച്ചത്. "ജഡ്ജിയായ എനിക്കും അഭിഭാഷകനായ താങ്കള്‍ക്കും പ്രമേഹവും, ബ്ലഡ് പ്രഷറും, കൊളസ്ട്രോളുമൊക്കെ ഉള്ളതല്ലെ," എന്ന നിരീക്ഷണം പൊതു യുക്തിയുടെ ഭാഗമായിരുന്നു. സുപ്രീം കോടതിയില്‍ മദനിയുടെ ജാമ്യാപേക്ഷ വിചാരണയ്ക്കു വരുന്ന ദിവസങ്ങളിലൊക്കെയും പ്രമുഖ ഇംഗ്ലിഷ് ദിനപ്പത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഐഎസ്ഐ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം എന്തായിരുന്നുവെന്ന് കോടതി നടപടികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. "ജഡ്ജിയും പത്രം വായിക്കുന്നുണ്ട്. നിയമപരമായ അവകാശങ്ങള്‍ക്കായുള്ള സമരം കോടതി മുറികളില്‍ മാത്രം നടത്തിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും കൂടി അവ നടക്കാത്തിടത്തോളം നീതി ലഭിക്കുക എളുപ്പമല്ലെന്നും," ഈ കേസിനെ കുറിച്ച് അന്ന് നന്ദിതാ ഹക്സര്‍ പറഞ്ഞതോര്‍ക്കുക.

തത്വവും വിവേചനവും
നിയമത്തിന്റെ നിഘണ്ടുവനുസരിച്ചും ഭരണഘടനയുടെ മൂല്യങ്ങളുടെ വെളിച്ചത്തിലും കൊടും കുറ്റവാളിയുടെ ലക്ഷണങ്ങള്‍ ഭേസുന്ന ലാല്‍ കൃഷ്ണ അഡ്വാനി സാങ്കേതികത്വങ്ങളുടെ മറ പിടിച്ച് ഒരു വിചാരണ പോലും നേരിടാതെ രക്ഷപ്പെടുന്നത് പൊതുസമൂഹം കാണുന്നുണ്ട്. അന്വേഷണ കമ്മിഷനു മുമ്പാകെ നുണയന്മാരെ ഹാജരാക്കി മറ്റൊരു മുഖ്യമന്ത്രി നരഹത്യാ കേസുകളില്‍ നിന്നും തടിയൂരിയതും ജനം നോക്കി നില്‍ക്കവെയാണ്. സാങ്കേതികമായി ഈ നടപടിക്രമങ്ങള്‍ ശരിയായിരിക്കാം. മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി പ്രജ്ഞാ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ച് ലോക്സഭയില്‍ അടിയന്തിര പ്രമേയം കൊണ്ടു വന്നതും പ്രധാന മന്ത്രി മറുപടി പറഞ്ഞതും ഇതോടു ചേര്‍ത്തു വായിക്കുക. പക്ഷേ, ഈ തത്വത്തെ കുറിച്ച് മറ്റൊരു അവസരത്തിലും നമ്മുടെ പ്രധാന മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഓര്‍മയുണ്ടായിട്ടില്ല. കേസന്വേഷണത്തിലുമുണ്ട് ഇത്തരം ചില ശരിതെറ്റുകള്‍. കേണല്‍ പുരോഹിത് പിടിയിലാവുന്നതിനു മുന്‍പുള്ള കാലത്ത് നാന്ദേഡ് സ്ഫോടന കേസിലെ പ്രതികളെ സിബിഐ അന്വേഷണം വെള്ള പൂശുകയാണ് ചെയ്തത്.

പക്ഷേ ഇവ തത്വമാവുന്നതും, വിവേചനമാവുന്നതും തമ്മിലുള്ള വ്യത്യാസം പൊതുജനത്തിന് വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിയണം. വര്‍ഗീയ കലാപങ്ങളേയും ഭീകരാക്രമണങ്ങളേയും നയിച്ചവര്‍ക്ക് ചില പ്രത്യേക കേസുകളില്‍ ബാധകമായ ഈ സാങ്കേതികത്വം ഗുജറാത്തിലേതെന്നോ, ദില്ലിയിലേതെന്നൊ, കേരളത്തിലേതെന്നോ വേര്‍ത്തിരിക്കാനാകില്ല. രാഷ്ട്രീയമോ, മതപരമോ ആയ ഏതെങ്കിലും സാമ്യതകളില്‍ ഈ ആനുകൂല്യങ്ങള്‍ പരിമിതമാവുന്നില്ലെന്നാണ് കോടതികള്‍ ഉറപ്പു വരുത്തേണ്ടത്.
മാധ്യമങ്ങളുടെ ദുസ്വാധീനത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കേണ്ടിയിരുന്ന ജഡ്ജിമാര്‍ അവരുടെ പ്രചാരണങ്ങളെ ഏറ്റു പിടിക്കുന്നുവെന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്ന സ്ഥിതിവിശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും സൃഷ്ടിക്കപ്പെടുന്നത്. വരാണസി സ്ഫോടനങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഫുല്പൂരിലെ ഇമാം വലിയുള്ളയെ "ലഷ്കര്‍ ഭീകരനായ സ്ഥിതിക്ക് തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ്" വിചാരണ വേളയില്‍ നീതിപീഠം അഭിപ്രായപ്പെട്ടത്. വലിയുള്ളയുടെ ഹര്‍ജിയെ തുടര്‍ന്ന് മറ്റൊരു ബഞ്ചിലേക്കു മാറ്റി വാദം തുടര്‍ന്ന കേസ് ഒടുവില്‍ എവിടെയെത്തി? പൊലീസ് ഹാജരാക്കിയ മുഴുവന്‍ രാജ്യദ്രോഹ കേസുകളും ഒടുവില്‍ തെളിവില്ലെന്നു കണ്ട് തള്ളുകയാണുണ്ടായത്.

സൂഫിയയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലുമുണ്ട് പൊലീസിന്റെ ഭാവനാ വിലാസങ്ങള്‍. അവര്‍ കുറ്റം സമ്മതിച്ചു എന്ന വാര്‍ത്ത തന്നെ ഉദാഹരണം. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും, പൊലീസ് തന്റെ പേരില്‍ നുണ പറയുകയാണെന്നും സൂഫിയയുടെ വിശദീകരണം പുറകെ വന്നു. ഇത്തരത്തിലുള്ള പല വാര്‍ത്തകളുടേയും യാഥാര്‍ത്ഥ്യം പൊതു സമൂഹം അറിയുന്നതേയില്ല. നൂരിഷാ ത്വരീഖത്ത് എന്ന ചിന്താധാരയുടെ സമീപകാല വളര്‍ച്ച മുസ്ലിം സമൂഹത്തിലെ സംഘടനാ സമവാക്യങ്ങളുടെ സ്വാഭാവിക ഘടനയ്ക്കു തന്നെ വിരുദ്ധമാണ്. ഇതിന്റെ വേരുകളില്‍ ചിലതെങ്കിലും രാഷ്ട്രീയ സംഘടനകളുമായും ഭരണകൂട ഉപകരണങ്ങളുമായും ബന്ധപ്പെടുന്നവയാണെന്ന് സംശയിക്കേണ്ടി വരുന്നു. തീഹാര്‍ ജയിലില്‍ നിന്നും നവാബ് കമറും ഇര്‍ഷാദ് അലിയും പ്രധാന മന്ത്രിക്കയച്ച കത്തിനെ കുറിച്ച് സിബിഐ അന്വേഷണം പുറത്തു കൊണ്ടു വന്ന സത്യങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷന വകുപ്പ് എങ്ങിനെയാണ് ഒരു സമുദായത്തെ ഭീകരരായി മാറ്റിയെടുക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയുണ്ട്. മുസ്ലിം സംഘടനകളില്‍ ഏതിലൊക്കെ 'ടൂളുകള്‍' നുഴഞ്ഞു കയറി അജന്‍ഡ നിശ്ചയിച്ചുവെന്ന് ഈ കക്കകൂട്ടങ്ങളില്‍ ഒറ്റയെണ്ണം പോലും തിരിച്ചറിയുന്നില്ല.

മദനിയെ ആര്‍ക്കാണ് ഭയം?
അവനവനിലെ വര്‍ഗീയതയെ സുഖിപ്പിക്കാനാണ് നിയമം അതിന്റെ വഴിയെ പോകട്ടെയെന്ന കാപട്യത്തെ മലയാളിയും കൂട്ടു പിടിക്കുന്നത്. നിയമനടപടികള്‍ വര്‍ഗീയമായി മാറുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഒരു സൂക്ഷ്മതയും നമുക്കില്ല. രേഖകളിലോ, വാക്കുകളിലോ പുതിയ ഒന്നും ഹാജരാക്കതെയാണ് സൂഫിയ കേസ് വീണ്ടും രാഷ്ട്രീയ നേതൃത്വം പൊടിതട്ടിയെടുക്കുന്നത്. നായന്മാരും, ഈഴവരും, കൃസ്ത്യാനികളും, സാമുദായിക വോട്ടുബാങ്കുകളായിട്ടുള്ള ദക്ഷിണ കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിന് ഇടക്കാലത്ത് ലഭിച്ച പിന്തുണ മദനിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുന്നതാണ് വിഷയത്തിന്റെ മര്‍മം. രണ്ട് മുന്നണികളേയും ഭയപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ സാന്നിധ്യമായി പിഡിപി മാറിക്കഴിഞ്ഞു. എന്‍ഡിഎഫിന്റെ വോട്ടു ബാങ്ക് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് ലഭിച്ചിരുന്നതെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനു ശേഷം മദനി സ്വന്തം നിലയിലാണ് മുന്നോട്ടു പോകുന്നത്. മദനിയെ ലക്ഷ്യം വയ്ക്കുന്നവര്‍ മറുഭാഗത്ത് എന്‍ഡിഎഫിനെ തലോടുകയാണ് ചെയ്യുന്നതും.

മുസ്ലിങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ഭീകരര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ദിശയുടെ നേരെ എതിരെയാണ് ജയില്‍ മോചിതനായ മദനി മുന്നോട്ടു പോകുന്നത്. ജയില്‍ വാസം അദ്ദേഹത്തിനു നല്‍കിയ അനുഭവ പാഠങ്ങളാവണം ഒരുപക്ഷേ ഈ പുതിയ നിലപാടിന്റെ പ്രചോദനം. അതിനെ എന്തു കൊണ്ട് ഭരണവര്‍ഗം മുഖവിലയ്ക്കെടുക്കുന്നില്ല? അദ്ദേഹം പറയുന്ന മുഖമല്ല, പൊലീസ് ആരോപിക്കുന്ന മുഖമാണ് പിഡിപിക്ക് ഉണ്ടാക്കിയെടുക്കേണ്ടതെങ്കില്‍ അതു കൊണ്ട് രാജ്യത്തിന് എന്താണ് നേട്ടം? മറുഭാഗത്ത് എന്‍ഡിഎഫിനോടുള്ള സമീപനം പകല്‍ പോലെ പൊതു ജനം കാണുന്നുമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ദിശയാണ് മുസ്ലിം സമുദായത്തിന് വേണ്ടതെന്നാണോ 'ആഗോള ഭീകരവിരുദ്ധ യുദ്ധ'കാലത്തെ ആഭ്യന്തര നയം? എന്‍ഡിഎഫിനോടും പിഡിപിയോടുമുള്ള ഈ ഇരട്ട സമീപനങ്ങളില്‍ മുസ്ലിം സമൂഹം നേര്‍വഴിക്കു സഞ്ചരിക്കരുതെന്ന ഒരു താത്പര്യം പ്രകടമായി തന്നെ കാണാവുന്നില്ലെ? ഒന്നുകില്‍ 'മതേതര'മായ ബാനറിലുള്ള നപുംസകങ്ങള്‍, അല്ലെങ്കില്‍ ഭീകരത പരസ്യമായി ഉദ്ഘോഷിക്കുന്നവര്‍. ഇതു രണ്ടുമല്ലാത്ത ഒരു മുസ്ലിമിനും ഇന്ത്യയില്‍ രാഷ്ടീയപ്രവര്‍ത്തനം സാധ്യമല്ലെന്നല്ലെ സ്ഥാപിക്കപ്പെടുന്നത്?

ഒരു പൊതുതെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്ന ബിജെപി വോട്ട് ഇക്കുറി എങ്ങോട്ട് പോകുമെന്ന് അറിയാത്തതിന്റെ ആശങ്കയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഈ നാടകത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്നായി മാറുന്നുണ്ട്. കേസിന്റെ വഴി കേരളത്തില്‍ നിന്നല്ല തുടങ്ങുന്നതെന്ന് ശ്രദ്ധിക്കുക. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്രം അന്വേഷിച്ചാല്‍ മതിയെന്ന പുതിയ നിയമത്തിലെ വകുപ്പ് രമേശ് ചെന്നിത്തലയും കൂട്ടരും സമര്‍ത്ഥമായി ഉപകാരപ്പെടുത്തുകയാണെന്ന് കൂട്ടി വായിക്കാവുന്നതേയുള്ളൂ. എന്‍ഐഎ എന്ന അവതാരം ഒരര്‍ത്ഥത്തില്‍ അഡ്വാനിയുടെ പൊലീസ് നവീകരണ സംരഭങ്ങളുടെ പുതിയ മുഖമാണ്. ഈ 'നവീകരണ' പദ്ധതികള്‍ ഏറ്റവും ഉത്സാഹപൂര്‍വം ആവിഷ്കരിക്കുകയും സ്വന്തമായി ഭീകരവിരുദ്ധ നിയമം നടപ്പാക്കുകയും ചെയ്ത മഹാരാഷ്ട്രയിലായിരുന്നു അഭിനവ് ഭാരത് ജന്മം കൊണ്ടതെന്നോര്‍ക്കുക. ഏറ്റവുമധികം ഭീകരാക്രമണങ്ങളുണ്ടായ സംസ്ഥാനവും അതാണ്. മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റേയും, ആന്ധ്രയുടേയും, രാജസ്ഥാന്റേയും, മധ്യ പ്രദേശിന്റേയും, യുപിയുടേയും വഴിയില്‍ കേരളത്തെ നടത്തിക്കാന്‍ കേസന്വേഷണം കേന്ദ്രം നേരില്‍ ഏറ്റെടുക്കേണ്ടി വന്നു എന്നു മാത്രം.

കൊടിയേരിയുടെ പൊലീസും, അച്യുതാനന്ദന്റെ പ്രൊസിക്യൂട്ടറും, വാദം കേള്‍ക്കുന്ന ജഡ്ജിയും, ഭീകരതയെ കുറിച്ച് കേസുകള്‍ അന്വേഷിക്കുന്ന ഐഎന്‍എയും ഈ വിവരങ്ങള്‍ ജനത്തെ അറിയിക്കുന്ന മാധ്യമങ്ങളും ഒരു സാമൂഹ്യക്രമത്തിന്റേയും കൂടി ഭാഗമാണ്. ഇവരിലെല്ലാമുള്ള വ്യക്തികളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മുഴച്ചു നില്‍ക്കുന്നതെന്നാണ് വ്യക്തമാവുന്നത്. നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്ന് അനുഭവ സാക്ഷ്യം. രഹസ്യമായി ഒതുക്കേണ്ടവരെയാണ് കാട്ടുവഴിയിലൂടെ അയയ്ക്കുന്നത്. ഇപ്പോഴത്തെ കോലാഹലങ്ങളുടെ പൊരുള്‍ ഭീകരതയും അതിനെ ചെറുക്കലുമല്ല. ഭീകരതയെ കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങളെ ആള്‍കൂട്ട വിചാരണയ്ക്ക് എറിഞ്ഞു കൊടുക്കലാണ്.