Saturday, January 9, 2010

ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ

നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്നാണ് മദനി-സൂഫിയ മദനി കേസുകള്‍ തെളിയിക്കുന്നതെന്ന്
എ റശീദുദ്ദീന്‍
സൂഫിയ മദനിയെ അറസ്റ്റ് ചെയ്ത നീക്കവും തുടര്‍സംഭവങ്ങളും നിയമത്തിന്റെ പതിവു നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സംസ്ഥാന ആഭ്യന്ത മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ പൊതുവേയും, ദക്ഷിണകേരളത്തില്‍ വിശേഷിച്ചും മുസ്ലിം വോട്ടു ബാങ്ക് കുറേക്കൂടി ഇടതുപക്ഷോന്മുഖമാവുകയും, സവര്‍ണ ഹിന്ദു വോട്ട് ബാങ്ക് ബിജെപിയുമായുള്ള പരീക്ഷണമവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് ചായാന്‍ തുടങ്ങുകയും ചെയ്യുന്ന കാലത്താണ് ഈ അറസ്റ്റും അനുബന്ധ നാടകങ്ങളും നടക്കുന്നത്. മദനി കുടുംബത്തിലെ രണ്ടാമത്തെ ഒരംഗം കൂടി നിയമവാഴ്ചയുടെ രാവണന്‍കോട്ടയില്‍കൂടെ വര്‍ഷങ്ങള്‍ നടന്ന് സത്യസന്ധത തെളിയിക്കേണ്ട ഈ ദുരവസ്ഥ ആഭ്യന്തര മന്ത്രി കൈ മലര്‍ത്തുന്നതു പോലെ തനിയെ ഉണ്ടാവുന്നതല്ല. മറിച്ച് ബോധപൂര്‍വം, സൃഷ്ടിക്കപ്പെടുന്നതാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ നെറികേട് മുതല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുര്‍നാടകങ്ങളും അതിലുപരി ദേശത്തിന്റെ നയങ്ങളെന്ന പേരില്‍ അടിച്ചേല്പ്പിക്കപ്പെടുന്ന പുത്തന്‍ശീലങ്ങളുമൊക്കെ ഇതിലുണ്ട്.

പഴുതുകളുള്ള നിയമവ്യവസ്ഥ
ബസ് കത്തിക്കല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന നിയമപീഠത്തിന്റെ കണ്ടെത്തലില്‍ നിന്നു തന്നെയാവട്ടെ ചര്‍ച്ചയുടെ തുടക്കം. പ്രഥമദൃഷ്ട്യാ പൊതുമുതല്‍ നശിപ്പിച്ച കുറ്റം. അത് കേവലമൊരു പ്രതിഷേധ സമരമാണെന്ന് ഇതേ കോടതിയില്‍ നേരത്തേ സമര്‍പ്പിക്കപ്പെട്ട സത്യവാങ് മൂലം നിലനില്‍ക്കവേ തെളിവുകളുടേയും, വിചാരണയുടേയും അടിസ്ഥാനത്തിലാണ് ഭീകരവാദ കേസായി മാറേണ്ടിയിരുന്നത്. കളമശേരി ബസ് കത്തിക്കല്‍ ഭീകരതയാണെന്ന് അഭിപ്രായപ്പെടാനാവുന്ന എന്ത് തെളിവാണ് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിയുടെ മുന്‍പാകെ ഉണ്ടായിരുന്നത്? ഈ കേസില്‍ സൂഫിയാ ഉള്‍പ്പെട്ടു എന്നു തന്നെ കരുതുക. യാത്രക്കാരെ പുറത്തിറക്കി ബസ് കത്തിക്കുന്നവര്‍ എന്തിനെയാണ് ഉന്നം വയ്ക്കുന്നതെന്ന് ആര്‍ക്കും അറിയാഞ്ഞിട്ടല്ല. പ്രതിഷേധത്തിന്റെ ലക്ഷ്യമോ മാര്‍ഗമോ അല്ല, പ്രതിഷേധിച്ചവരുടെ തരമാണ് ഇവിടെ ചര്‍ച്ചയാക്കപ്പെടുന്നത്. രാഷ്ട്ര സങ്കല്പ്പങ്ങളെ ആശയപരമായി പുഷ്ടിപ്പെടുത്താന്‍ കഴിയുമെങ്കിലേ ജഡ്ജിമാര്‍ പൊതുവായ നിരീക്ഷണങ്ങള്‍ നടത്തേണ്ട ആവശ്യമുള്ളൂ എന്നാണ് നിയമ പണ്ഡിതരുടെ മതം. ബസ് കത്തിക്കല്‍ ഭീകരതയാണെന്ന നിരീക്ഷണവും, അതിനെതിരായ പ്രതികരണം ദേശസ്നേഹമാണെന്ന പ്രചാരണവും ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ചര്‍ച്ചയ്ക്കെടുക്കേണ്ടത്. ഭീകരതയ്ക്കെതിരെ പൊതു ജനം പ്രതികരിക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം. ആ പരാമര്‍ശത്തിന്റെ നിയമപരമായ സാധുതയും വ്യാഖ്യാനവും വിശദമാക്കപ്പെടേണ്ടതുണ്ട്. ഭീകരര്‍ എന്ന് മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നവരുടെ കാര്യത്തില്‍ പൊതുജനം നിയമം കയ്യിലെടുക്കണമോ?

കേരള ഹൈക്കോടതിയില്‍ ലവ്ജിഹാദിനെ കുറിച്ച് ആദ്യം വിവാദമുണ്ടാക്കിയ ജസ്റ്റിസ് തന്നെയാണ് സൂഫിയാ മദനി കേസിലും വാദം കേട്ടത്. ലവ്ജിഹാദിനെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ മറുവശമെന്തായിരുന്നുവെന്ന് പിന്നീട് കണ്ടു. താടിവയ്ക്കല്‍ താലിബാന്‍ വത്കരണമാണെന്ന് സുപ്രീം കോടതിയിലെ വിശിഷ്ട ന്യായാധിപന്മാരിലൊരാള്‍ ഈയിടെ പറഞ്ഞത് ശ്രദ്ധിക്കുക. ഒരു വ്യക്തി തന്നിഷ്ടപ്രകാരം ശരീര ഭാഗങ്ങളില്‍ രോമം വളര്‍ത്തുന്നതിന് നിയമപരമായ എന്തെങ്കിലും വ്യാഖ്യാനം സാധ്യമായിരുന്നോ? ഗണേശപൂജക്കാലത്ത് ജലാശയങ്ങളില്‍ അരങ്ങേറുന്ന വിഗ്രഹനിമജ്ഞനത്തിനെതിരെ സാലിക് ചന്ദ് ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച വിധി മതപരമായ അവകാശങ്ങളെ കുറിച്ച് ഒരു തരം ശുദ്ധിപത്രമാണ് എന്ന് പറയേണ്ടി വരും. വ്യക്തികള്‍ക്ക് തന്നിഷ്ടപ്രകാരമുള്ള മതം ആചരിക്കാനുള്ള അവകാശമുണ്ടെന്നാണ് ഈ കേസില്‍ വിധിയുണ്ടായത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള പൊതുസമൂഹത്തിന്റെ അവകാശം പോലും വ്യക്തികള്‍ക്ക് മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള വിശാലമായ ഭരണഘടനാ താല്പര്യങ്ങള്‍ക്ക് അതീതമല്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടി കാട്ടുന്നതിന്റെ അന്തസത്ത. ഒരു മതസമൂഹത്തിന്റെ വിശ്വാസപരമായ ചിഹ്നത്തെ കുറിച്ച് ഒരേ കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പറഞ്ഞ അഭിപ്രായങ്ങളായി ഇവയെ കണക്കിലെടുക്കുക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ പോലും അഭിപ്രായവ്യത്യാസത്തിന് പഴുതുകളുള്ള നിയമമാണ് നമ്മുടേത് എന്നല്ലേ വരുന്നത്?

മദനി ഭീകരനായിരുന്നോ?
വര്‍ഗീയമെന്ന് തോന്നിപ്പിക്കുന്ന വിധം മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്ന കേസുകളില്‍ കുറേക്കൂടി യുക്തിപൂര്‍വകമായി ഇടപെടുന്നില്ലെങ്കില്‍ കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. മദനിയുടെ കാര്യത്തില്‍ നേരത്തെ സംഭവിച്ച കൊടും പിഴവിന്റെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ 'വരണ്ട' വഴിയിലൂടെ പോകാതിരിക്കലായിരുന്നൂ നീതിപീഠത്തിനു നല്ലത്. സൂഫിയ ഏതു വിദേശരാജ്യത്തേക്കു പോകുമെന്നാണ് പൊലീസ് ആരോപിക്കുന്നത്. പാക്കിസ്ഥാനിലേക്കോ? ബംഗ്ലാദേശിലേക്കോ? പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കാന്‍ പറഞ്ഞാല്‍ തീരുന്ന കേസാണ് പ്രൊസിക്യൂഷന്റെ അവഗണിക്കാനാവാത്ത എതിര്‍ വാദമായി മാറുന്നത്. മദനിക്ക് ജാമ്യം നിഷേധിച്ചതിന്റെ ന്യായങ്ങളും ഈ മട്ടിലുള്ള വര്‍ത്തമാനങ്ങളായിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ മദനി ഭീകരനായിരുന്നോ? ആയിരുന്നെങ്കില്‍ പിന്നീട് വിട്ടയയ്ക്കപ്പെടുകയും, ഈ കേസില്‍ പൊലീസിനെ അടച്ചാക്ഷേപിക്കും വിധം പില്‍ക്കാലത്ത് കോടതിവിധികളുണ്ടാവുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണ്? ഭീകരന്‍ എന്ന പദപ്രയോഗവും, ഭീകരത എന്ന ആശയവും നിയമപരമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തവയായി മാറുന്നുണ്ട്.

മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ മുന്‍പിലെത്തിയ അവസരങ്ങളിലൊന്നില്‍ ബഞ്ചിലുണ്ടായിരുന്ന ഒരു ജഡ്ജി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പൊതുബോധത്തിന്റെ മുന്‍വിധി പ്രകടമായിരുന്നു. "ഒരു ഭീകരന്റെ കാര്യത്തിലാണോ നിങ്ങള്‍ സര്‍വസാധാരണമായ രോഗങ്ങളെ കുറിച്ച ഈ പരാതിയുമായി എത്തിയിരിക്കുന്നത്?," എന്നായിരുന്നു ക്രിമിനല്‍ അഭിഭാഷകനായ സുശീല്‍ കുമാറിനോട് കോടതി ചോദിച്ചത്. "ജഡ്ജിയായ എനിക്കും അഭിഭാഷകനായ താങ്കള്‍ക്കും പ്രമേഹവും, ബ്ലഡ് പ്രഷറും, കൊളസ്ട്രോളുമൊക്കെ ഉള്ളതല്ലെ," എന്ന നിരീക്ഷണം പൊതു യുക്തിയുടെ ഭാഗമായിരുന്നു. സുപ്രീം കോടതിയില്‍ മദനിയുടെ ജാമ്യാപേക്ഷ വിചാരണയ്ക്കു വരുന്ന ദിവസങ്ങളിലൊക്കെയും പ്രമുഖ ഇംഗ്ലിഷ് ദിനപ്പത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഐഎസ്ഐ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം എന്തായിരുന്നുവെന്ന് കോടതി നടപടികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. "ജഡ്ജിയും പത്രം വായിക്കുന്നുണ്ട്. നിയമപരമായ അവകാശങ്ങള്‍ക്കായുള്ള സമരം കോടതി മുറികളില്‍ മാത്രം നടത്തിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും കൂടി അവ നടക്കാത്തിടത്തോളം നീതി ലഭിക്കുക എളുപ്പമല്ലെന്നും," ഈ കേസിനെ കുറിച്ച് അന്ന് നന്ദിതാ ഹക്സര്‍ പറഞ്ഞതോര്‍ക്കുക.

തത്വവും വിവേചനവും
നിയമത്തിന്റെ നിഘണ്ടുവനുസരിച്ചും ഭരണഘടനയുടെ മൂല്യങ്ങളുടെ വെളിച്ചത്തിലും കൊടും കുറ്റവാളിയുടെ ലക്ഷണങ്ങള്‍ ഭേസുന്ന ലാല്‍ കൃഷ്ണ അഡ്വാനി സാങ്കേതികത്വങ്ങളുടെ മറ പിടിച്ച് ഒരു വിചാരണ പോലും നേരിടാതെ രക്ഷപ്പെടുന്നത് പൊതുസമൂഹം കാണുന്നുണ്ട്. അന്വേഷണ കമ്മിഷനു മുമ്പാകെ നുണയന്മാരെ ഹാജരാക്കി മറ്റൊരു മുഖ്യമന്ത്രി നരഹത്യാ കേസുകളില്‍ നിന്നും തടിയൂരിയതും ജനം നോക്കി നില്‍ക്കവെയാണ്. സാങ്കേതികമായി ഈ നടപടിക്രമങ്ങള്‍ ശരിയായിരിക്കാം. മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി പ്രജ്ഞാ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ച് ലോക്സഭയില്‍ അടിയന്തിര പ്രമേയം കൊണ്ടു വന്നതും പ്രധാന മന്ത്രി മറുപടി പറഞ്ഞതും ഇതോടു ചേര്‍ത്തു വായിക്കുക. പക്ഷേ, ഈ തത്വത്തെ കുറിച്ച് മറ്റൊരു അവസരത്തിലും നമ്മുടെ പ്രധാന മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഓര്‍മയുണ്ടായിട്ടില്ല. കേസന്വേഷണത്തിലുമുണ്ട് ഇത്തരം ചില ശരിതെറ്റുകള്‍. കേണല്‍ പുരോഹിത് പിടിയിലാവുന്നതിനു മുന്‍പുള്ള കാലത്ത് നാന്ദേഡ് സ്ഫോടന കേസിലെ പ്രതികളെ സിബിഐ അന്വേഷണം വെള്ള പൂശുകയാണ് ചെയ്തത്.

പക്ഷേ ഇവ തത്വമാവുന്നതും, വിവേചനമാവുന്നതും തമ്മിലുള്ള വ്യത്യാസം പൊതുജനത്തിന് വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിയണം. വര്‍ഗീയ കലാപങ്ങളേയും ഭീകരാക്രമണങ്ങളേയും നയിച്ചവര്‍ക്ക് ചില പ്രത്യേക കേസുകളില്‍ ബാധകമായ ഈ സാങ്കേതികത്വം ഗുജറാത്തിലേതെന്നോ, ദില്ലിയിലേതെന്നൊ, കേരളത്തിലേതെന്നോ വേര്‍ത്തിരിക്കാനാകില്ല. രാഷ്ട്രീയമോ, മതപരമോ ആയ ഏതെങ്കിലും സാമ്യതകളില്‍ ഈ ആനുകൂല്യങ്ങള്‍ പരിമിതമാവുന്നില്ലെന്നാണ് കോടതികള്‍ ഉറപ്പു വരുത്തേണ്ടത്.
മാധ്യമങ്ങളുടെ ദുസ്വാധീനത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കേണ്ടിയിരുന്ന ജഡ്ജിമാര്‍ അവരുടെ പ്രചാരണങ്ങളെ ഏറ്റു പിടിക്കുന്നുവെന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്ന സ്ഥിതിവിശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും സൃഷ്ടിക്കപ്പെടുന്നത്. വരാണസി സ്ഫോടനങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഫുല്പൂരിലെ ഇമാം വലിയുള്ളയെ "ലഷ്കര്‍ ഭീകരനായ സ്ഥിതിക്ക് തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ്" വിചാരണ വേളയില്‍ നീതിപീഠം അഭിപ്രായപ്പെട്ടത്. വലിയുള്ളയുടെ ഹര്‍ജിയെ തുടര്‍ന്ന് മറ്റൊരു ബഞ്ചിലേക്കു മാറ്റി വാദം തുടര്‍ന്ന കേസ് ഒടുവില്‍ എവിടെയെത്തി? പൊലീസ് ഹാജരാക്കിയ മുഴുവന്‍ രാജ്യദ്രോഹ കേസുകളും ഒടുവില്‍ തെളിവില്ലെന്നു കണ്ട് തള്ളുകയാണുണ്ടായത്.

സൂഫിയയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലുമുണ്ട് പൊലീസിന്റെ ഭാവനാ വിലാസങ്ങള്‍. അവര്‍ കുറ്റം സമ്മതിച്ചു എന്ന വാര്‍ത്ത തന്നെ ഉദാഹരണം. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും, പൊലീസ് തന്റെ പേരില്‍ നുണ പറയുകയാണെന്നും സൂഫിയയുടെ വിശദീകരണം പുറകെ വന്നു. ഇത്തരത്തിലുള്ള പല വാര്‍ത്തകളുടേയും യാഥാര്‍ത്ഥ്യം പൊതു സമൂഹം അറിയുന്നതേയില്ല. നൂരിഷാ ത്വരീഖത്ത് എന്ന ചിന്താധാരയുടെ സമീപകാല വളര്‍ച്ച മുസ്ലിം സമൂഹത്തിലെ സംഘടനാ സമവാക്യങ്ങളുടെ സ്വാഭാവിക ഘടനയ്ക്കു തന്നെ വിരുദ്ധമാണ്. ഇതിന്റെ വേരുകളില്‍ ചിലതെങ്കിലും രാഷ്ട്രീയ സംഘടനകളുമായും ഭരണകൂട ഉപകരണങ്ങളുമായും ബന്ധപ്പെടുന്നവയാണെന്ന് സംശയിക്കേണ്ടി വരുന്നു. തീഹാര്‍ ജയിലില്‍ നിന്നും നവാബ് കമറും ഇര്‍ഷാദ് അലിയും പ്രധാന മന്ത്രിക്കയച്ച കത്തിനെ കുറിച്ച് സിബിഐ അന്വേഷണം പുറത്തു കൊണ്ടു വന്ന സത്യങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷന വകുപ്പ് എങ്ങിനെയാണ് ഒരു സമുദായത്തെ ഭീകരരായി മാറ്റിയെടുക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയുണ്ട്. മുസ്ലിം സംഘടനകളില്‍ ഏതിലൊക്കെ 'ടൂളുകള്‍' നുഴഞ്ഞു കയറി അജന്‍ഡ നിശ്ചയിച്ചുവെന്ന് ഈ കക്കകൂട്ടങ്ങളില്‍ ഒറ്റയെണ്ണം പോലും തിരിച്ചറിയുന്നില്ല.

മദനിയെ ആര്‍ക്കാണ് ഭയം?
അവനവനിലെ വര്‍ഗീയതയെ സുഖിപ്പിക്കാനാണ് നിയമം അതിന്റെ വഴിയെ പോകട്ടെയെന്ന കാപട്യത്തെ മലയാളിയും കൂട്ടു പിടിക്കുന്നത്. നിയമനടപടികള്‍ വര്‍ഗീയമായി മാറുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഒരു സൂക്ഷ്മതയും നമുക്കില്ല. രേഖകളിലോ, വാക്കുകളിലോ പുതിയ ഒന്നും ഹാജരാക്കതെയാണ് സൂഫിയ കേസ് വീണ്ടും രാഷ്ട്രീയ നേതൃത്വം പൊടിതട്ടിയെടുക്കുന്നത്. നായന്മാരും, ഈഴവരും, കൃസ്ത്യാനികളും, സാമുദായിക വോട്ടുബാങ്കുകളായിട്ടുള്ള ദക്ഷിണ കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിന് ഇടക്കാലത്ത് ലഭിച്ച പിന്തുണ മദനിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുന്നതാണ് വിഷയത്തിന്റെ മര്‍മം. രണ്ട് മുന്നണികളേയും ഭയപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ സാന്നിധ്യമായി പിഡിപി മാറിക്കഴിഞ്ഞു. എന്‍ഡിഎഫിന്റെ വോട്ടു ബാങ്ക് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് ലഭിച്ചിരുന്നതെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനു ശേഷം മദനി സ്വന്തം നിലയിലാണ് മുന്നോട്ടു പോകുന്നത്. മദനിയെ ലക്ഷ്യം വയ്ക്കുന്നവര്‍ മറുഭാഗത്ത് എന്‍ഡിഎഫിനെ തലോടുകയാണ് ചെയ്യുന്നതും.

മുസ്ലിങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ഭീകരര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ദിശയുടെ നേരെ എതിരെയാണ് ജയില്‍ മോചിതനായ മദനി മുന്നോട്ടു പോകുന്നത്. ജയില്‍ വാസം അദ്ദേഹത്തിനു നല്‍കിയ അനുഭവ പാഠങ്ങളാവണം ഒരുപക്ഷേ ഈ പുതിയ നിലപാടിന്റെ പ്രചോദനം. അതിനെ എന്തു കൊണ്ട് ഭരണവര്‍ഗം മുഖവിലയ്ക്കെടുക്കുന്നില്ല? അദ്ദേഹം പറയുന്ന മുഖമല്ല, പൊലീസ് ആരോപിക്കുന്ന മുഖമാണ് പിഡിപിക്ക് ഉണ്ടാക്കിയെടുക്കേണ്ടതെങ്കില്‍ അതു കൊണ്ട് രാജ്യത്തിന് എന്താണ് നേട്ടം? മറുഭാഗത്ത് എന്‍ഡിഎഫിനോടുള്ള സമീപനം പകല്‍ പോലെ പൊതു ജനം കാണുന്നുമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ദിശയാണ് മുസ്ലിം സമുദായത്തിന് വേണ്ടതെന്നാണോ 'ആഗോള ഭീകരവിരുദ്ധ യുദ്ധ'കാലത്തെ ആഭ്യന്തര നയം? എന്‍ഡിഎഫിനോടും പിഡിപിയോടുമുള്ള ഈ ഇരട്ട സമീപനങ്ങളില്‍ മുസ്ലിം സമൂഹം നേര്‍വഴിക്കു സഞ്ചരിക്കരുതെന്ന ഒരു താത്പര്യം പ്രകടമായി തന്നെ കാണാവുന്നില്ലെ? ഒന്നുകില്‍ 'മതേതര'മായ ബാനറിലുള്ള നപുംസകങ്ങള്‍, അല്ലെങ്കില്‍ ഭീകരത പരസ്യമായി ഉദ്ഘോഷിക്കുന്നവര്‍. ഇതു രണ്ടുമല്ലാത്ത ഒരു മുസ്ലിമിനും ഇന്ത്യയില്‍ രാഷ്ടീയപ്രവര്‍ത്തനം സാധ്യമല്ലെന്നല്ലെ സ്ഥാപിക്കപ്പെടുന്നത്?

ഒരു പൊതുതെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്ന ബിജെപി വോട്ട് ഇക്കുറി എങ്ങോട്ട് പോകുമെന്ന് അറിയാത്തതിന്റെ ആശങ്കയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഈ നാടകത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്നായി മാറുന്നുണ്ട്. കേസിന്റെ വഴി കേരളത്തില്‍ നിന്നല്ല തുടങ്ങുന്നതെന്ന് ശ്രദ്ധിക്കുക. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്രം അന്വേഷിച്ചാല്‍ മതിയെന്ന പുതിയ നിയമത്തിലെ വകുപ്പ് രമേശ് ചെന്നിത്തലയും കൂട്ടരും സമര്‍ത്ഥമായി ഉപകാരപ്പെടുത്തുകയാണെന്ന് കൂട്ടി വായിക്കാവുന്നതേയുള്ളൂ. എന്‍ഐഎ എന്ന അവതാരം ഒരര്‍ത്ഥത്തില്‍ അഡ്വാനിയുടെ പൊലീസ് നവീകരണ സംരഭങ്ങളുടെ പുതിയ മുഖമാണ്. ഈ 'നവീകരണ' പദ്ധതികള്‍ ഏറ്റവും ഉത്സാഹപൂര്‍വം ആവിഷ്കരിക്കുകയും സ്വന്തമായി ഭീകരവിരുദ്ധ നിയമം നടപ്പാക്കുകയും ചെയ്ത മഹാരാഷ്ട്രയിലായിരുന്നു അഭിനവ് ഭാരത് ജന്മം കൊണ്ടതെന്നോര്‍ക്കുക. ഏറ്റവുമധികം ഭീകരാക്രമണങ്ങളുണ്ടായ സംസ്ഥാനവും അതാണ്. മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റേയും, ആന്ധ്രയുടേയും, രാജസ്ഥാന്റേയും, മധ്യ പ്രദേശിന്റേയും, യുപിയുടേയും വഴിയില്‍ കേരളത്തെ നടത്തിക്കാന്‍ കേസന്വേഷണം കേന്ദ്രം നേരില്‍ ഏറ്റെടുക്കേണ്ടി വന്നു എന്നു മാത്രം.

കൊടിയേരിയുടെ പൊലീസും, അച്യുതാനന്ദന്റെ പ്രൊസിക്യൂട്ടറും, വാദം കേള്‍ക്കുന്ന ജഡ്ജിയും, ഭീകരതയെ കുറിച്ച് കേസുകള്‍ അന്വേഷിക്കുന്ന ഐഎന്‍എയും ഈ വിവരങ്ങള്‍ ജനത്തെ അറിയിക്കുന്ന മാധ്യമങ്ങളും ഒരു സാമൂഹ്യക്രമത്തിന്റേയും കൂടി ഭാഗമാണ്. ഇവരിലെല്ലാമുള്ള വ്യക്തികളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മുഴച്ചു നില്‍ക്കുന്നതെന്നാണ് വ്യക്തമാവുന്നത്. നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്ന് അനുഭവ സാക്ഷ്യം. രഹസ്യമായി ഒതുക്കേണ്ടവരെയാണ് കാട്ടുവഴിയിലൂടെ അയയ്ക്കുന്നത്. ഇപ്പോഴത്തെ കോലാഹലങ്ങളുടെ പൊരുള്‍ ഭീകരതയും അതിനെ ചെറുക്കലുമല്ല. ഭീകരതയെ കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങളെ ആള്‍കൂട്ട വിചാരണയ്ക്ക് എറിഞ്ഞു കൊടുക്കലാണ്.

2 comments:

Pulchaadi said...

താങ്കളുടെ വ്യഥകളും ആകുലതകളും ഞാനും പങ്കുവെക്കുന്നു. പക്ഷെ പ്രകടിപ്പിക്കാന്‍ പ്രയാസം, വര്ഗീയനായി മുദ്രകുത്തപ്പെടുന്നു. താങ്കളെപ്പോലുള്ളവര്‍ ആശ്വാസം!

കറുത്ത ബാക്ക്ഗ്രൌണ്ടും ചെറിയ അക്ഷരങ്ങളും വായനയ്ക്ക് തടസ്സമാകുന്നു. ശ്രദ്ധിക്കുമല്ലോ!!

Pulchaadi said...

ബ്ലോഗിനു നല്ലൊരു പേരിടുക, സ്വന്തം പേരിനെക്കാള്‍ നല്ലത് മറ്റെന്തെങ്കിലുമാണ്, നല്ലൊരു ഹെഡ്ഡറും ടെംപ്ളേറ്റും പതിയെ വരട്ടെ. ബൂലോഗത്ത് താങ്കള്‍ ഏറെക്കാലം കാണും എന്നു മനസ്സുപറയുന്നു. ആശംസകള്‍!!