Saturday, January 9, 2010

അനാശാസ്യ (മാധ്യമ)പ്രവര്‍ത്തനം

മലയാളി മനസിനെ മാധ്യമങ്ങള്‍ രോഗാതുരമാക്കുന്നുവെന്ന് യാമിനി ഉണ്ണികൃഷ്ണന്‍


ഇന്ത്യയില്‍ ആദ്യവും അവസാനവുമായി ഒരു ബസ്‌ കത്തിച്ച സംഭവമുണ്ടായത്‌ കളമശേരിയിലാണോ? അതെയെന്ന്‌ തോന്നിപ്പോവും മലയാളത്തിലെ ചാനലുകള്‍ കാണുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്‌താല്‍. കേസിലെ പത്താംപ്രതി സൂഫിയ മദനിയെ വിടാതെ വേട്ടയാടുന്ന മാധ്യമങ്ങളുടെ അജന്‍ഡയെന്താണ്? നമ്മുടെ പൊതുബോധത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്‌ത്രീവിരുദ്ധതയുടെയും മുസ്ലീം വിരുദ്ധതയുടെയും ലാവാപ്രവാഹമാണ്‌ ഈ വാര്‍ത്തകളില്‍ കാണാനാവുന്നത്‌. മുഖ്യധാരാമാധ്യമങ്ങളുടെ മുന്‍വിധിയുടെയും സമ്മതിനിര്‍മിതിക്കായുള്ള (consent manufacturing) ത്വരയുടെയും ഇരയായി സൂഫിയാ മദനി ഇപ്പോള്‍ മാറിയിരിക്കുന്നു.

സൂഫിയ മദനിയെ ന്യായീകരിക്കാനോ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനോ അല്ല മുതിരുന്നത്‌. കേസന്വേഷണത്തിനും വിചാരണക്കും ഒടുവില്‍ ഏതെങ്കിലും കാലം സൂഫിയ മദനി കുറ്റക്കാരിയല്ലെന്ന്‌ 'ബഹുമാനപ്പെട്ട' ജുഡീഷ്യറി വിധിക്കുകയാണെന്നിരിക്കട്ടെ. ആ സ്‌ത്രീക്ക്‌ ഈ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത 'തീവ്രവാദിനി' പട്ടം തിരിച്ചെടുക്കാന്‍ കഴിയുമോ. അന്നന്നത്തെ അഷ്ടിക്കുള്ള വഹ തേടുമ്പോള്‍ കിട്ടുന്ന എന്തും ആഘോഷമാക്കുന്ന ചാനല്‍ ലേഖകരുടെയും ചാനല്‍ സായാഹ്‌നങ്ങളിലെ ന്യൂസ്‌ അവറിനും കൗണ്ടര്‍പോയിന്റിനും മറ്റും പ്രതിഫലമില്ലാതെ പാഞ്ഞെത്തുന്ന `ചര്‍ച്ചാംദേഹി'കളുടെയും കയ്യില്‍പുരണ്ട ചോരയുടെ മണം ഏതു സുഗന്ധദ്രവ്യം കൊണ്ടാണ്‌ മായ്‌ക്കാന്‍ കഴിയുക. കേസിന്റെ നടപടികള്‍ തുടങ്ങും മുമ്പുതന്നെ വിധി പറയാന്‍ ഇവിടുത്തെ മാധ്യമ ന്യായാധിപന്മാര്‍ക്ക്‌ ആരും ഒരവകാശവും കല്‍പ്പിച്ചു നല്‍കിയിട്ടില്ല. അവരുടെ ജീനുകളില്‍ നൂറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ ന്യൂനപക്ഷ-സ്‌ത്രീ വിരോധത്തിന്റെ ഇളകിയാടലുകളാണ്‌ ഇപ്പോള്‍ കേരളത്തിലെ സാമൂഹ്യജീവിതത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നത്‌.
എല്ലാ മുസ്ലീമും തീവ്രവാദി ആണെന്ന (എല്ലാ തമിഴനും മോഷ്ടാവുമാണെന്നും ചേര്‍ത്തുവായിക്കുക) മുന്‍വിധി മലയാളികളുടെ പൊതുബോധത്തെ ഗ്രസിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍.

രോഗാതുരമായ മലയാളി മനസ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന മദനിയെ കോടതി വെറുതെ വിടുകയും തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ അദ്ദേഹം പരസ്യമായി തള്ളിപ്പറയുകയും ചെയ്‌തിട്ടും അദ്ദേഹത്തെ വീണ്ടും തീവ്രവാദിയായി മുദ്രകുത്തുന്ന രോഗാതുരമായ മനസാണ്‌ കേരളത്തില്‍ രൂപപ്പെട്ടുവരുന്നത്‌. തന്റെ കാല്‍ തകര്‍ത്ത ആര്‍എസ്‌എസുകാരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ വേണ്ടിയുള്ള നിലപാട്‌ സ്വീകരിച്ചയാളാണ്‌ മദനിയെന്നും ഓര്‍ക്കുക. മുംബൈ കലാപങ്ങളുടെ പേരില്‍ ശ്രീകൃഷ്‌ണാ കമ്മിഷന്‍ കുറ്റപ്പെടുത്തിയ ബാല്‍ താക്കറെയും ബാബ്‌രി മസ്‌ജിദ്‌ തകര്‍ത്തതിന്‌ ലിബര്‍ഹാന്‍ കമ്മിഷന്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ അദ്വാനി, വാജ്പായി, മുര്‍ളി മനോഹര്‍ ജോഷി തുടങ്ങിയവരും ഞെളിഞ്ഞു നടക്കുന്ന രാജ്യത്തു തന്നെയാണ്‌ കോടതി കുറ്റവിമുക്തനാക്കിയ മദനി വേട്ടയാടപ്പെടുന്നത്‌. താക്കറെക്കും അദ്വാനിക്കും വാജ്പായിക്കും ജോഷിക്കും നമ്മുടെ മാധ്യമങ്ങള്‍ അനുവദിക്കുന്ന സഹിഷ്‌ണുതയുടെ ഒരു തരിമ്പെങ്കിലും മദനിക്കും അവകാശപ്പെട്ടതല്ലേ.

മദനിക്കു പിന്നാലെ സൂഫിയ മദനിയും. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കമന്ററിയുടെ പശ്‌ചാത്തലത്തില്‍ സൂഫിയയുടെ ദൃശ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ പര്‍ദയെ പെണ്‍ഫിദായീനുകളുടെ യൂണിഫോമാക്കി മാറ്റുന്ന ഒരു ബോധനിര്‍മിതിയിലേക്ക്‌ നമ്മുടെ ചാനലുകള്‍ വളര്‍ത്തിക്കഴിഞ്ഞു. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കാനും ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ആയുധവുമായി പോകുന്ന ഗണവേഷധാരികളുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊടുക്കുന്ന സ്‌ത്രീകള്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളായി ചിത്രീകരിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. മുംബൈയിലെ തീവ്രവാദ ആക്രമണത്തിനിടെ ഹേമന്ത്‌ കര്‍ക്കറെ എന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന ഭാര്യ കവിത കര്‍ക്കറെയുടെ പരാതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ അവഗണിച്ചത്‌ അവരുടെ അബോധത്തിലെ ന്യൂനപക്ഷ വിരുദ്ധതയും മൃദുഹിന്ദുത്വവും കൊണ്ടാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ വിവരമൊന്നും വേണ്ട.


അടിയന്‍ ലച്ചിപ്പോം
മദനിക്കും ഭാര്യക്കുമെതിരെയുള്ള മാധ്യമങ്ങളുടെ കുറ്റവിചാരണക്കും പരിഹാസങ്ങള്‍ക്കും തൊട്ടുമുമ്പായിരുന്നു ലൗജിഹാദിന്റെ പേരിലുള്ള ഇളകിയാട്ടങ്ങള്‍. സംഘപരിവാര്‍ അനുകൂലികളുടെ വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ നമുക്കു മുമ്പില്‍ വിളമ്പിയവരാണ്‌ മുഖ്യധാരാ മാധ്യമങ്ങള്‍. ലൗജിഹാദിന്റെ കഥകള്‍ മെനയുന്നതില്‍ കണ്ട ആവേശമൊന്നും പിന്നീട്‌ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ലൗജിഹാദ്‌ ഒരു മിഥ്യയാണെന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ കണ്ടില്ല.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അനാശാസ്യപ്രവര്‍ത്തനം മഞ്ചേരിക്കാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ അത്‌ മറച്ചുവയ്‌ക്കാന്‍ ഏഷ്യാനെറ്റ്‌ ന്യൂസും ഇന്ത്യാവിഷനും മനോരമ വിഷനും മാതൃഭൂമിയും മലയാള മനോരമയും കാട്ടിയ ഉത്‌സാഹം സമീപകാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നായിരുന്നു. ചാനലുകളുടെ ഓമനയാണ്‌ ഉണ്ണിത്താന്‍. എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ ഉണ്ണിത്താന്‍ കോണ്‍ഗ്രസുകാര്‍ അടങ്ങുന്ന വേദിയില്‍ സൂഫിയ മദനിയെയും പിണറായി വിജയനെയും ചേര്‍ത്ത്‌ നടത്തിയ പരാമര്‍ശങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടിയവരാണ്‌ ഇന്ത്യാവിഷന്‍. ഇത്‌ സംപ്രേഷണം ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകമാണ്‌ ഉണ്ണിത്താന്‍ പിടിക്കപ്പെട്ടത്‌. എന്നാല്‍ ഡിസംബര്‍ 21ന്‌ ഉച്ചവരെ ഈ വാര്‍ത്ത മറച്ചു വയ്‌ക്കാന്‍ എന്തിനാണിവര്‍ തിടുക്കം കാട്ടിയത്‌. കുറ്റാരോപിതയായ ഒരു സ്‌ത്രീയെ വാക്കുകള്‍ കൊണ്ട്‌ പരസ്യമായി ആക്ഷേപിച്ച മനുഷ്യന്‍ തന്നെ മണിക്കൂറുകള്‍ക്കകം അനാശാസ്യപ്രവര്‍ത്തനത്തിന്‌ പിടിക്കപ്പെട്ടതില്‍ വാര്‍ത്തയില്ലെന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെ എഞ്ചുവടി പഠിക്കാത്തവര്‍ പോലും പറയില്ല. എന്നിട്ടും ഏത്‌ സദാചാരമൂല്യങ്ങളുടെ പേരിലാണ്‌ അടിയന്‍ ലച്ചിപ്പോം എന്ന മട്ടില്‍ നമ്മുടെ മാധ്യമങ്ങള്‍ ഉണ്ണിത്താനെ സംരക്ഷിച്ചത്‌.

അനുബന്ധം: ഡിസംബര്‍ 29ന്‌ വൈകുന്നേരം, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പിറ്റേന്ന്‌ കോടതിയില്‍ ഹാജരാവുമെന്ന വാര്‍ത്ത ചാനലുകള്‍ സ്‌ക്രോള്‍ബാറില്‍ നല്‍കിയത്‌ ഇങ്ങനെ: "പിണറായി നാളെ ഹൈക്കോടതിയില്‍ ഹാജരായേക്കും/ പിണറായി കൊച്ചിയില്‍ വിമാനമിറങ്ങി/ പിണറായി അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി."

ഉണ്ണിത്താന്റെ അനാശാസ്യം ചാനലുകള്‍ മുക്കിയതുമൂലം സ്‌ക്രോള്‍ ബാറില്‍ കാഴ്‌ചക്കാര്‍ക്ക്‌ നഷ്ടമായ ചില തുണ്ടുകള്‍ ഇങ്ങനെ: "ഉണ്ണിത്താന്‍ കയറിയ വീട്‌ നാട്ടുകാര്‍ വളഞ്ഞു/ ഉണ്ണിത്താന്റെ ഇടതു കവിളില്‍ പ്രഹരമേറ്റു/ഉണ്ണിത്താന്റെ മുണ്ടഴിഞ്ഞു/ഉണ്ണിത്താന്‍ നാട്ടുകാരെ അസഭ്യം പറഞ്ഞു/ഉണ്ണിത്താന്‍ പൊലീസ്‌ ജീപ്പില്‍ കയറി/ ഉണ്ണിത്താനും യുവതിക്കും ജാമ്യം."

No comments: